
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും സമാധാന ഉടമ്പടിയിലേക്ക് നീങ്ങുകയാണെന്നും കരാർ ഒപ്പുവെച്ചാൽ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ തന്നെ കരാർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും, ഈ ആഴ്ച തന്നെ ഒപ്പുവെപ്പുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഉന്നത നേതൃത്വവുമായി നടന്ന ചർച്ചകൾ അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ഇറാനെതിരേ ആസൂത്രണം ചെയ്തിരുന്ന പുതിയ സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
സമാധാന കരാറിന് ഇസ്രയേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാക്കിസ്ഥാൻ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഈജിപ്ത് എന്നിവ ഉൾപ്പെടെയുള്ള മേഖലാ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതായും ട്രംപ് അവകാശപ്പെട്ടു.
മണിക്കൂറുകൾക്ക് മുൻപ് വരെ ഇറാനെതിരേ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ നാവികസേനയും വ്യോമസേനയും റഡാർ സംവിധാനങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ ശേഷികൾ വലിയ തോതിൽ തകർത്തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സമാധാന നീക്കങ്ങൾ മുന്നിലെത്തിയതോടെ അമേരിക്കയുടെ നിലപാടിൽ നിർണായക മാറ്റമാണ് ഉണ്ടായിരിക്കുന്നത്.










